കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
വാദത്തിനായി സാവകാശം തേടിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി മാറ്റിയത്.
കേസിലെ പ്രതികളായ മുന്‍ ചെയര്മാൻ ആര്. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ നല്കിയ അപേക്ഷ മൂന്നു തവണ സര്‍ക്കാര്‍ തള്ളിയിരുന്നു.
മൂന്നാംവട്ടവും പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നല്കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രോസിക്യൂഷന് അനുമതി അപേക്ഷ തള്ളിയതില്‍ എതിര്‍പ്പുള്ളവര്‍ കോടതിയലക്ഷ്യത്തിനു പകരം പുതിയ ഹര്‍ജി നല്കുകയാണു വേണ്ടതെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.